• Our Location
  • വെള്ളാരപ്പിള്ളി സൗത്ത് പി.ഒ .,
    തിരുവൈരാണിക്കുളം - 683 580
  • working hours
  • സാധാരണ : 5:30 AM - 10:00 AM & 5:00 PM-7:00 PM
    ഉത്സവകാലത്ത് : 4:00 AM - 1:00 PM & 4:00 PM-8:30 PM

About us

ഇരവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

തിരുവൈരാണിക്കുളത്തപ്പനെ ദർശനം നടത്തുന്ന ഭക്തജനങ്ങൾ ഇരവിപുരത്തപ്പനെ കൂടി ദർശനം നടത്തണം എന്നാണ് വിശ്വാസം

ഇരവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുവൈരാണിക്കുളം ക്ഷേത്രദർശനവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.തിരുവൈരാണിക്കുളത്ത് ശ്രീമഹാദേവന്റെ ശ്രീകോവിലിനു നേരെ മുൻപിലായി നോക്കികാണാവുന്ന ദൂരത്തിൽ ഇരവിപുരം ശ്രീകൃഷ്ണസ്വാമിയുടെ ശ്രീകോവിലും സ്ഥിതി ചെയ്യുന്നു.ഇത്തരത്തിൽ ശ്രീമഹാദേവനും ,ശ്രീപാർവതിയും ശ്രീകൃഷ്ണഭഗവാനും വാണരുളുന്നത് അത്യപൂർവമാണ് .തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനു മുൻപോ അതിനു ശേഷമോ ഇരവിപ്പുരത്തപ്പനെ കൂടി ദർശനം നടത്തുക എന്നത് ക്ഷേത്രചരിത്രത്തെ കുറിച്ച് അറിയാവുന്ന എല്ലാ ഭക്തജനങ്ങളും തുടർന്നു നടത്തി പോരുന്നു.

തിരുവൈരാണിക്കുളം ശ്രീമഹാദേവക്ഷേത്രവും ഇരവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഉൽഭവകാലം മുതൽതന്നെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. രണ്ട് ക്ഷേത്രങ്ങളുടേയും ഊരാണ്മ അധികാരം അകവൂർ മനക്കാർക്കായിരുന്നു . അതുകൊണ്ടുതന്നെ രണ്ട് ക്ഷേത്രങ്ങളുടേയും പ്രാധാന്യം തുല്യമായിത്തന്നെയാണ് കണക്കാക്കിയിരുന്നത്. തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ഉൽഭവത്തിൻറെ പ്രധാന കാരണക്കാർ അകവൂർ നമ്പൂതിരിപ്പാടും പന്തിരുകുലത്തിലെ ഒരംഗവും വൈഷ്ണവചൈതന്യo ഉൾകൊള്ളുന്ന അമാനുഷനുമായ അകവൂർ ചാത്തനും ആണെന്നാ വസ്തുത ഐതിഹ്യം പരിശോധിച്ചാൽ വ്യക്തമാണ്. അതുകൊണ്ടുതന്നെ മേഴത്തൂർ അഗ്നിഹോത്രിയുടെ കാലഘട്ടമായ എ .ഡി .400 ൽ ആണ് തിരുവൈരാണിക്കുളം ക്ഷേത്രനിർമ്മാണമെന്നും എ .ഡി .800 കാലഘട്ടത്തിലാണ് ഇരവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രo നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയതെന്നും വിശ്വസിച്ചുപോരുന്നു.

ആ കാലഘട്ടത്തിൽ വെള്ളാരപ്പിള്ളിയിൽ പ്രബലമനകളാണ് ഉണ്ടായിരുന്നത്. പെരിയാറിന്റെ തീരത്ത് അകവൂർമനയും ,കുറച്ച വടക്കുമാറി കുട്ടമനയും .ശ്രീശങ്കരാചാര്യസ്വാമികൾ ഒരു ദിവസം വെള്ളാരപ്പള്ളിയിൽ തിരുവൈരാണിക്കുളം ക്ഷേത്രദർശനത്തിനു വരികയുണ്ടായത്രേ.

ക്ഷേത്രദർശനത്തിനു ശേഷം സ്വാമികൾ ഭിക്ഷക്കായി കുട്ടമന ഇല്ലക്കാരുടെ പക്കൽ ചെല്ലുകയും ചെയ്തു.അന്ന് ദ്വാദശി ദിവസമായിരുന്നു.ഏകാദശി ശുദ്ധവാസം അനുഷ്ഠിച്ചതിനു ശേഷമാണ് സ്വാമികൾ ഭിക്ഷക്കു ചെന്നത്. കുട്ടമന ഇല്ലക്കാർ സന്ന്യാസിവര്യന് ഭിക്ഷ നൽകുവാനോ അദ്ദേഹത്തെ സ്വീകരിച്ചു ഇരുത്തുവാനോ തയ്യാറായില്ല.ആ ഇല്ലക്കാരുടെ പെരുമാറ്റത്തിൽ സ്വാമികൾക്ക് വളരെയധികം മനോവിഷമം ഉണ്ടാകുവാൻ ഇടയായി.അവിടെ നിന്നും അദ്ദേഹം അകവൂർമനയിലെത്തി .അവിടെ സ്വാമികൾക്കു ഹൃദ്യമായ സ്വീകരണവും ഭിക്ഷയും മറ്റും നൽകി യഥോചിതം സൽക്കരിച്ചു . അതിൽ അതീവ സന്തുഷ്ടനായ സ്വാമികൾ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു .നല്ല സാമ്പത്തികശേഷിയും സൗകര്യങ്ങളും ഉണ്ടായിരിന്നിട്ടുപോലും അഹങ്കാരംകൊണ്ട് ഗാർവിഷ്ടരായി ഭിക്ഷയും ദാനധർമങ്ങളും ചെയ്യാതെ സന്ന്യാസിപാരമ്പര്യത്തെ ബഹുമാനിയ്ക്കാതെ കുട്ടമന ഇല്ലക്കാർ സ്വാമികളെ പടിയിറക്കിവിട്ടത് അദ്ദേഹത്തിന് മനോവിഷമമുണ്ടാക്കി .അതോടെ കുട്ടമന സന്തതി പരമ്പരകൾ ഇല്ലാതെ വന്നു അകാലമരണം സംഭവിച്ചു കുടുംബം അന്യം നിന്ന് പോകാൻ ഇടയായി.

രാജഭരണം നിലനിന്നിരുന്ന ആ കാലത്തു ഏതെങ്കിലും ഒരു മന അന്യംനിന്നുപോയാൽ ആ മനയുടെ വക സ്വത്തുക്കളും ക്ഷേത്രവകകളും അടുത്തുള്ള മറ്റൊരു മനയെ ഏൽപ്പിക്കുകയാണ് . ബ്രഹ്മസ്വം രാജാവിന്റെ മുതലിലേക്കു യാതൊരു കാരണവശാലും ചേർക്കുകയില്ലത്രേ.അപ്രകാരം കുട്ടമന സ്വത്തുക്കളും ക്ഷേത്രവും അകവൂർ മനക്കു അവകാശപ്പെട്ടതായി.കുട്ടമന ഇല്ലത്തെ ഭഗവതി പ്രതിഷ്ഠയും ഇല്ലപറമ്പിൽ നാഗപ്രതിഷ്ഠയും ഉണ്ട്.അകവൂർ മനക്കാർ കുട്ടമനയെ അങ്ങേ ഇല്ലം എന്നാണ് പറയപ്പെട്ടിരുന്നത്.എല്ലാമാസവും അന്തർജനങ്ങൾ അവിടെ ചെന്ന് ഭഗവതിക്ക് പായസമുണ്ടാക്കി നിവേദിക്കുക പതിവായിരുന്നു.

കുട്ടമനയുടെ സമീപം തെക്കുഭാഗത്ത് ബലിക്കൽപുരയും , ചുറ്റമ്പലവും , മതിൽക്കെട്ടുമായി ഒരു ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉണ്ടായിരുന്നു. അവിടെ ഉത്സവവും മറ്റു ആഘോഷങ്ങളും ഗംഭീരമായി നടത്തപ്പെട്ടിരുന്നു. കുട്ടമന അന്യംനിന്നുപോയശേഷം ഈ ക്ഷേത്രവുംഅകവൂർമനക്കാർ നേരിട്ട് നടത്തിപ്പോന്നു .